Administrator - 11 January 2020
വിജയവഴി
ഒരു ചെറിയ പാത്രം. അതില്‍ നിറയെ എണ്ണ. ആ പാത്രവുമായി തെരുവീഥിയിലൂടെ നടക്കുന്ന കുട്ടി. തന്റെ കുടിലില്‍നിന്ന് രാജകൊട്ടാരത്തിലേക്കാണ് അവന്റെ യാത്ര. കൊട്ടാരത്തിലെത്തി പാത്രം രാജാവിനുമുമ്പില്‍ സമര്‍പ്പിക്കണം. അപ്പോള്‍ അതിലുള്ള എണ്ണയുടെ അളവുനോക്കി രാജാവ് സമ്മാനം നല്‍കും.ഒരു തുള്ളി എണ്ണപോലും തുളുമ്പിപ്പോകരുതെന്നാണ് കുട്ടിയുടെ ആഗ്രഹം. പാത്രം മുറുകെപ്പിടിച്ച് അവന്‍ സൂക്ഷിച്ചുനടന്നു. തെരുവീഥിയില്‍ മനോഹരമായ പല കാഴ്ചകളും ഉണ്ട്. ഇടയ്ക്ക് ചില കവലകള്‍ കാണാം. വഴിതെറ്റാതെ കൊട്ടാരത്തിലെത്തണം. പാത്രത്തില്‍ മാത്രം നോക്കിനടന്നാല്‍ കൊട്ടാരത്തിലെത്താന്‍ കഴിഞ്ഞെന്നു വരില്ല. പാത്രത്തെ മറന്നുനടന്നാല്‍ എണ്ണയൊക്കെ നഷ്ടമായെന്നും വരാം. കുട്ടിയുടെ യാത്ര വെറുതെയാവരുത്. അവന് കൊട്ടാരത്തിലെത്തണം. എണ്ണപ്പാത്രം കാഴ്ചവയ്ക്കണം. സമ്മാനം നേടണം. മറ്റൊന്നും കാണാതെയും കേള്‍ക്കാതെയും എണ്ണമാത്രം നഷ്ടമാക്കാതെ ചെന്നിട്ടു കാര്യമുണ്ടോ? എല്ലാം ആസ്വദിച്ചെങ്കിലും എണ്ണ മുഴുവന്‍ നഷ്ടമാക്കിയാല്‍ ഫലമുണ്ടോ? ജീവിതം യാത്രയാണ്, നന്മയാകുന്ന എണ്ണ നമ്മുടെ പാത്രത്തില്‍ നിറയെ ഉണ്ട്. അതു നഷ്ടമാക്കാതെ മുന്നോട്ടുപോകണം. അതേസമയം ലോകത്തിലെ സൗകര്യങ്ങളും സന്തോഷങ്ങളും ആസ്വദിക്കുകയും വേണം. ജീവിതയാത്രയില്‍ നന്‍മയാര്‍ന്ന മൂല്യങ്ങളുടെ എണ്ണയെക്കുറിച്ച് എപ്പോഴും ഓര്‍മ്മയുണ്ടാവണം. എന്തുചെയ്താലും എവിടെയായാലും യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് ഓര്‍ക്കണം, കൈവശമുള്ള നന്‍മകള്‍ നഷ്ടമാകാതെ സൂക്ഷിക്കണം.