Administrator - 11 January 2020
വിജയവഴി
ഏതാനും വര്‍ഷംമുമ്പ് പാരീസില്‍ കുട്ടികളുടെ ലോക ഉച്ചകോടി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമേരിക്കയില്‍ നിന്നുള്ള എട്ടുവയസുകാരി മാക്കെന്‍സി സ്‌നൈഡര്‍. അവിടെവച്ച് അമേരിക്കയില്‍നിന്നുതന്നെ എത്തിയ രണ്ട് ആണ്‍കുട്ടികളെ അവള്‍ പരിചയപ്പെട്ടു. ഫോസ്റ്റര്‍ കെയറില്‍ കഴിയുന്നവരായിരുന്നു അവര്‍. മാതാപിതാക്കള്‍ മക്കളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാതെവരുമ്പോള്‍ ഗവണ്‍മെന്റ് ഇടപെട്ട് കുട്ടികളെ നിര്‍ബന്ധപൂര്‍വം മറ്റു കുടുംബങ്ങളില്‍ കൊണ്ടുപോയി താമസിപ്പിക്കുന്ന രീതിയാണിത്. ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടികള്‍ക്കുണ്ടാകുന്ന വിഷമതകളെക്കുറിച്ചു തന്റെ പുതിയ കൂട്ടുകാരില്‍നിന്നു കേട്ടപ്പോള്‍ മക്കെന്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ക്കു കളിപ്പാട്ടങ്ങളോ, വസ്ത്രങ്ങളും പുസ്തകങ്ങളും സൂക്ഷിക്കാന്‍ ബാഗോ പോലും ആരും വാങ്ങിക്കൊടുത്തിരുന്നില്ല. അവള്‍ ഒരു തീരുമാനമെടുത്തു. ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടികളെ എങ്ങനെയെങ്കിലും സഹായിക്കണം.വിവരം അവള്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞു. അവര്‍ക്കും സ്വീകാര്യമായിരുന്നു ഈ നിര്‍ദേശം. ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടികള്‍ക്കുവേണ്ടി മാക്കെന്‍സി സ്യൂട്ട്‌കെയ്‌സുകളും ബാഗുകളും കളിപ്പാവകളും ശേഖരിക്കാന്‍ തുടങ്ങി. വാര്‍ത്ത 'വാഷിംഗ്ടണ്‍ പോസ്റ്റ്' പത്രത്തില്‍ ഒന്നാം പേജില്‍തന്നെ പ്രത്യക്ഷപ്പെട്ടു. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് അവളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കി. ചുരുങ്ങിയ സമയംകൊണ്ട് പതിനായിരത്തോളം സ്യൂട്ട്‌കെയ്‌സുകളും ബാഗുകളുമാണ് ഫോസ്റ്റര്‍ കെയറിലുള്ള കുട്ടികള്‍ക്ക് അവള്‍ എത്തിച്ചുകൊടുത്തത്. ബാഗുകളും മറ്റും അയച്ചുകൊടുക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം കൈപ്പടയിലെഴുതിയ ഒരു കത്തും അവള്‍ വയ്ക്കാറുണ്ട്. ഒരു കൊച്ചുകുട്ടിക്ക് തന്റെ സഹജീവികള്‍ക്കുവേണ്ടി ഇത്രയും നന്മചെയ്യാന്‍ സാധിച്ചാല്‍ നാം നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തു നന്മകള്‍ ചെയ്യുന്നുണ്ടെന്നു സ്വയം ചോദിച്ചേ മതിയാകൂ. മറ്റുള്ളവരെ അവരുടെ ആവശ്യത്തില്‍ സഹായിക്കാന്‍ തയാറുള്ള ഹൃദയമാണ് നമുക്കു വേണ്ടത്. അപ്പോള്‍ അതിനുള്ള ആഗ്രഹവും മനസും തന്റേടവും സ്വാഭാവികമായും ഉണ്ടായിക്കൊള്ളും.