Administrator - 14 January 2020
ഗാന്ധിജി പണത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാലോ പണം ചെലവാക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഗാന്ധിജിക്കൊപ്പം ആചാര്യ കൃപലാനിയും ആചാര്യ ബന്‍സാലിയും ഒരു വീട്ടില്‍ അതിഥികളായി പോയി. അതിനായി കുതിരവണ്ടി ഏര്‍പ്പാടാക്കാന്‍ കൃപലാനിയെയാണ് ചുമതലപ്പെടുത്തിയത്. സംഭാവനയായി കിട്ടിയ പത്ത് രൂപ വണ്ടിവാടകയായി ഗാന്ധിജി കൃപലാനിക്കു നല്‍കി. മൂവരും യാത്രതിരിച്ചു. വണ്ടിയില്‍നിന്ന് ഇറങ്ങിയഉടന്‍ വണ്ടിവാടക എത്രയായി എന്ന് ഗാന്ധിജി അന്വേഷിച്ചു. അഞ്ചു രൂപയായെന്ന് കൃപലാനി മറുപടിയും നല്‍കി. അപ്പോള്‍ ബാക്കി തുക എവിടെ എന്നായി ഗാന്ധിജി. കൃപലാനി നിസ്സഹായനായി ഗാന്ധിജിയെ നോക്കി. കാരണം അപ്പോഴേക്കും കുതിരവണ്ടിക്കാരന്‍ അവിടെനിന്ന് പോയിരുന്നു. കൃപലാനി ബാക്കി തുക ചോദിച്ചുവാങ്ങിയതുമില്ല.
ഗാന്ധിജിയെയും കൃപലാനിയെയും ബന്‍സാലിയെയും ആതിഥേയന്‍ സന്തോഷത്തോടെ സ്വീകരിച്ചു. രണ്ടുപേര്‍ക്ക് ഭക്ഷണം തയ്യാറാക്കിയാല്‍ മതിയെന്ന് വീട്ടുകാരോട് ഗാന്ധിജി പറഞ്ഞു. കൃപലാനിക്ക് ഭക്ഷണം ഇല്ല. അഞ്ചു രൂപ പാഴാക്കിക്കളഞ്ഞതിന്റെ ശിക്ഷയാണ് ഗാന്ധിജി കൃപലാനിക്ക് നല്‍കിയത്.