Administrator - 14 January 2020
സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ എയ്മി ദുഃഖിതയായിരുന്നു. സ്‌കൂളില്‍ നടന്ന സംഭവം എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് മറക്കാന്‍ കഴിഞ്ഞില്ല. സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ചയാളാണ് എയ്മി. രോഗബാധ മൂലം വളരെ ബുദ്ധിമുട്ടിയാണ് അവള്‍ നടക്കുന്നത്. സ്‌കൂളില്‍ പോയാല്‍ ആരെങ്കിലും കളിയാക്കാത്ത ദിവസമില്ല. എങ്കിലും അന്നത്തെ ദിവസം ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ കളിയാക്കലും മുറിവേല്‍പ്പിക്കുന്ന വാക്കുകളും രോഗത്തേക്കാള്‍ അവളെ വേദനിപ്പിച്ചു.
അതൊരു ക്രിസ്മസ് കാലമായിരുന്നു. റേഡിയോയില്‍ ഒരു കത്തെഴുത്തുമത്സരമുണ്ട്. ക്രിസ്മസിന് എന്ത് സമ്മാനമാണ് വേണ്ടതെന്ന് സാന്താക്ലോസിനെ അറിയിക്കുന്നതാണ് മത്സരം. 'മോളേ സാന്തായ്ക്ക് ഒരു കത്തെഴുതൂ.' അമ്മ പറഞ്ഞു. എയ്മി കത്തെഴുതി. ഒരു വലിയ ബാര്‍ബി ഡോളായിരിക്കും അവള്‍ ക്രിസ്മസ് പാപ്പയോട് ചോദിക്കുന്നതെന്ന് അച്ഛനും അമ്മയും കരുതി. എന്നാല്‍, ആ കത്ത് ഇങ്ങനെയായിരുന്നു.
'പ്രിയപ്പെട്ട സാന്താക്ലോസ്, എന്റെ പേര് എയ്മി എന്നാണ്. എനിക്ക് ഒന്‍പതു വയസുണ്ട്. എനിക്കു സ്‌കൂളില്‍ ഒരു പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ ഒന്നു സഹായിക്കാമോ? സെറിബ്രല്‍ പാള്‍സി മൂലം എന്റെ നടപ്പിനും സംസാരരീതിക്കുമൊക്കെ ചില പ്രത്യേകതകളുണ്ട്. അതുകൊണ്ട് കുട്ടികള്‍ എന്നെ എന്നും കളിയാക്കുന്നു. എന്നെ ആരും കളിയാക്കാത്ത സന്തോഷപൂര്‍ണ്ണമായ ഒരു ദിവസം എനിക്കു സമ്മാനമായി തരുമോ? സ്‌നേഹപൂര്‍വ്വം, എയ്മി.''
എയ്മി സാന്താക്ലോസിന് എഴുതിയ കത്ത് ശ്രദ്ധിക്കപ്പെട്ടു. അവളുടെ കത്ത് വാര്‍ത്തയായി ലോകം മുഴുവന്‍ പരന്നു. എയ്മിയുടെ വീട്ടിലേക്ക് കത്തുകളുടെ പ്രവാഹമായി. ശാരീരികപരിമിതിയുള്ളവര്‍ക്കായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേക സംവിധാനങ്ങളും അവരെ പരിഗണിക്കുന്നതിനായി സെമിനാറുകളും സംഘടിപ്പിച്ചു. സഹപാഠികള്‍ അവളെ കളിയാക്കുന്നതിനു പകരം സഹായിക്കാനും സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി.
എയ്മിയെ പോലെ ധാരാളം കൂട്ടുകാര്‍ നമുക്ക് ചുറ്റും ഉണ്ടാകും. ഈ ക്രിസ്മസ് ദിനത്തില്‍ അവരെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യാം.