Administrator - 14 November 2019
കേരളത്തില്‍ 44 നദികളുണ്ടെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടില്ലേ? അതില്‍ 41 എണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ പതിക്കുന്നു. മൂന്നെണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്നു. പാമ്പാര്‍, ഭവാനി, കബനി എന്നീ നദികളാണ് കിഴക്കോട്ട് ഒഴുകുന്നത്. 100 കിേലാമീറ്ററില്‍ കൂടുതല്‍ നീളമുള്ള പത്ത് നദികള്‍ കേരളത്തിലുണ്ട്. 244 കിലോമീറ്റര്‍ ഒഴുകുന്ന പെരിയാറാണ് ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴയ്ക്കും മൂന്നാമത് പമ്പയാറുമാണ്.
* അമ്മേ നിളേ...
വലിപ്പത്തില്‍ കേരളത്തിലെ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ. നിളാ നദി, പേരാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. 209 കിലോമീറ്റര്‍ നീളമുള്ള ഭാരതപ്പുഴ ആനമലയില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു. ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കല്‍പ്പാത്തി, തൂത്തുപ്പുഴ എന്നിവയാണ് പ്രധാന പോഷക നദികള്‍. പതിനൊന്നു താലൂക്കുകളില്‍ വ്യാപിച്ചുകിടക്കുന്ന ഭാരതപ്പുഴയ്ക്ക് 6186 ചതുരശ്ര കിലോമീറ്റര്‍ തടപ്രദേശമുണ്ട്.