Administrator - 14 January 2020
ഒക്ടോബര്‍ 12, ലോക ആനദിനം
പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തില്‍ (Mammalia) ഉള്‍പ്പെടുന്ന ജീവിയാണ് ആന. ആഫ്രിക്കന്‍ ബുഷ് ആന, ആഫ്രിക്കന്‍ കാട്ടാന, ഏഷ്യന്‍ ആന എന്നിങ്ങനെ ആനകള്‍ക്ക് മൂന്ന് വംശങ്ങളുണ്ട്. ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബര്‍ 22 നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ ആനകളും ഏഷ്യന്‍ ആനകളും രണ്ട് വ്യത്യസ്ത വംശങ്ങളാണ്. ഏഷ്യന്‍ ആനകളേക്കാള്‍ വലിപ്പം കൂടിയവയാണ് ആഫ്രിക്കന്‍ ആനകള്‍. 4 മീറ്ററോളം പൊക്കവും 7500 കിലോഗ്രാം ഭാരവും ഇവയ്ക്കുണ്ട്. ആനകളുടെ സംരക്ഷണത്തിനും അവയുടെ പ്രാധാന്യം മനസിലാക്കുന്നതിനുമായി ഒക്ടോബര്‍ 12 നാം ലോക ആനദിനമായി ആചരിക്കുന്നു.
ആഫ്രിക്കന്‍ ആന
ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് വലിപ്പം കൂടിയവയാണ് ആഫ്രിക്കന്‍ ആനകള്‍. ലോക്‌സൊഡൊന്റ (Loxodonta) വര്‍ഗത്തില്‍പ്പെട്ട എല്ലാ സസ്തനികളും ആഫ്രിക്കന്‍ ആനകള്‍ എന്ന ഒറ്റപ്പേരില്‍ ആണ് അറിയപ്പെടുന്നത്. ആഫ്രിക്കന്‍ ആനകളില്‍ സവാന, ആഫ്രിക്കന്‍ കാട്ടാന എന്നീ ഉപ വിഭാഗങ്ങളുണ്ട്. ഏതാണ്ട് ആറ് ലക്ഷം ആഫ്രിക്കന്‍ ആനകള്‍ ആണ് ലോകത്തുള്ളതെന്നാണ് കണക്ക്. ആഫ്രിക്കന്‍ ആനകളുടെ ചെവി വലുതായിരിക്കും. ആണാനയ്ക്കും പെണ്ണാനയ്ക്കും വലിയ കൊമ്പുകള്‍ ഉണ്ടാകും. ഇവയുടെ നടുവ് കുഴിഞ്ഞതും, നെറ്റി പരന്നതും, തുമ്പിക്കൈയുടെ അഗ്രം വിരല്‍ പോലെ രണ്ടായി പിളര്‍ന്നതുമാണ്.
ആഫ്രിക്കന്‍ സവേന ആനകള്‍/ ബുഷ് ആനകള്‍
ലോക്‌സൊഡൊന്റ ആഫ്രിക്കാനാ (Loxodonta africana) എന്ന ഈ വര്‍ഗമാണ് ആനകളില്‍ വച്ച് ഏറ്റവും വലുത്. കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ ജീവികളും ഇവ തന്നെ. പതിമൂന്ന് അടി പൊക്കവും ഏഴായിരം കിലോ ഭാരവും ഉണ്ടാകും. ഒരു ആണാനയ്ക്കു ശരാശരി മൂന്ന് മീറ്റര്‍ പൊക്കവും അയ്യായിരത്തിനും ആറായിരത്തിനും ഇടയ്ക്കു ഭാരവും ഉണ്ടാകും. പെണ്ണാനകള്‍ ആണാനകളേക്കാള്‍ ചെറുതായിരിക്കും. സവേന ആനകള്‍ അധികവും തുറസായ സ്ഥലങ്ങളിലും ചതുപ്പുകളുടേയും തടാകങ്ങളുടേയും കരയിലുമാണ് കാണപ്പെടുന്നത്. ആഫ്രിക്കയും തെക്കന്‍ സഹാറ മരുഭൂമിയും ഇവരുടെ ആവാസ കേന്ദ്രങ്ങള്‍ ആണ്.
ആഫ്രിക്കന്‍ കാട്ടാന
ലോക്‌സോഡോണ്ടാ സൈക്ലോട്ടിസ് (Loxodonta cyclotis) എന്ന കുഞ്ഞന്‍ ആനകളാണിവ. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. വലിപ്പക്കുറവു മൂലം പിഗ്മി ആനകള്‍ എന്നും വിളിക്കപ്പെടുന്നു. ചെവികള്‍ ചെറുതും ഉരുണ്ടതുമാണ്. കൊമ്പുകള്‍ ചെറുതും നേരെയുള്ളതും വായില്‍ നിന്ന് അധികം പുറത്തേക്ക് വരാത്ത തരത്തിലുമായിരിക്കും. ആഫ്രിക്കന്‍ കാട്ടാനകള്‍ക്ക് 4,500 കിലോ ഭാരവും, മൂന്ന് മീറ്റര്‍ പൊക്കവും ഉണ്ടായിരിക്കും. മധ്യ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലും ഉള്ള മഴക്കാടുകളിലാണ് കാട്ടാനകളെ കാണപ്പെടുന്നത്.
ഏഷ്യന്‍ ആന
എലഫസ് മാക്‌സിമസ് (Elephas maximus) എന്ന ഏഷ്യന്‍ ആനകള്‍ ഇന്ത്യന്‍ ആനകള്‍ എന്നും അറിയപ്പെടുന്നു. ഇവ ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തിന്റെ പത്തുശതമാനത്തിലും താഴെ, ഏകദേശം നാല്‍പ്പതിനായിരം എണ്ണമുണ്ടെന്നാണ് പഠനം. ഏഷ്യന്‍ ആനകള്‍ക്ക് നിരവധി ഉപഗണങ്ങള്‍ (Subspecies) ഉണ്ട്. ആണാനകള്‍ക്കു മാത്രമാണ് കൊമ്പുകള്‍ ഉണ്ടാകുക. ഏഷ്യന്‍ ആനകളില്‍ ജീവിച്ചിരിക്കുന്ന നാല് ഉപയിനങ്ങള്‍ (subspecies) ശ്രീലങ്കന്‍ ആനകള്‍, ഇന്ത്യന്‍ ആനകള്‍, സുമാത്രന്‍ ഏഷ്യന്‍ ആനകള്‍, ബോര്‍ണിയോ പിഗ്മി ആനകള്‍ എന്നിവയാണ്. ഏഷ്യന്‍ ആനകളുടെ നടുവ് പുറത്തേക്ക് വളഞ്ഞതും, നെറ്റിയില്‍ രണ്ട് മുഴ ഉള്ളതും, തുമ്പിക്കൈയുടെ അഗ്രം ഒറ്റവിരല്‍ പോലെയുമാണ്.